ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സംശയമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍. കാന്തപുരം ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ചിലർക്ക് സംശയമെന്ന് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിധി പകർപ്പിലെ തീയതി സംബന്ധിച്ചും ചിലർ സംശയം പ്രകടിപ്പിച്ചതായും സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാള മാധ്യമങ്ങൾക്ക് അറബി തീയതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തിൽ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തിൽ പുറത്തുവന്ന കാര്യമാണ്.
ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്.
