തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അതിക്രമത്തിനിരയായ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. മന്ത്രിയാണ് കെഎസ്യു പ്രവർത്തകർക്ക് നേരെ പോയത് എന്നും സ്റ്റേഷനിൽ കണ്ടത് പിണറായി- ഷംസീർ തിരക്കഥയാണെന്നും മുരളീധരൻ പറഞ്ഞു. പുതിയ ആൾ വരുന്നത് വരെ സ്പീക്കറുടെ കസേരയിലിരിക്കേണ്ട ആളാണ് ഷംസീർ. അദ്ദേഹം ഡിവൈഎഫ്ഐ നേതാവിന്റെ സ്വഭാവം കാണിക്കരുത് എന്നും മുരളീധരൻ പറഞ്ഞു.

മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് പോലും തിരക്കഥയുടെ ഭാഗമാണെന്ന് മുരളീധരൻ ആരോപിച്ചു. പാർട്ടി ഓഫീസ് പോലെയാണ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയുടെ പരിക്ക് പരിശോധിക്കണമെന്നും അതാകുമ്പോൾ ആർക്കും പേരുദോഷം ഉണ്ടാകില്ല എന്നും മുരളീധരൻ പരിഹസിച്ചു.