പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിജയത്തിന് പിന്നാലെ സ്വന്തം പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയതിനാലാണ് ഭൂരിപക്ഷം കുറഞ്ഞതെന്നും, ഇത് തോൽവിക്ക് തുല്യമായ വിജയമാണെന്നും അദ്ദേഹം തുറന്നടിച്ചു.

മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിച്ച കെ.സി. രാജഗോപാലൻ വെറും 28 വോട്ടുകൾക്കാണ് വിജയിച്ചത്. രാജഗോപാലന് 324 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി രാധാകൃഷ്ണന് 296 വോട്ടുകളാണ് നേടാനായത്. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം നൽകിയതെന്ന് രാജഗോപാലൻ ആരോപിച്ചു. മുൻപ് ഏരിയാ സെക്രട്ടറി താൻ വിജയിച്ച വാർഡിൽ പരാജയപ്പെട്ടിരുന്നു. അവിടെ വീണ്ടും സി.പി.എം. ജയിക്കരുത് എന്ന വാശിയാണ് പിന്നിലെന്ന് രാജഗോപാലൻ പറയുന്നു.