Kerala

‘മിസ്റ്റര്‍ അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല’; ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും; വെല്ലുവിളിയുമായി ജലീല്‍

കെടി ജലീലിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന പിവി അന്‍വറിന്റെ പരിഹാസത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തവനൂര്‍ എംഎല്‍എ മറുപടി നല്‍കിയിരിക്കുന്നത്. അന്‍വറിന്റെ പ്രസ്താവനകളെ തള്ളുന്നതിനൊപ്പം ഇങ്ങോട്ട് മാന്യത കാണിച്ചില്ലെങ്കില്‍ അങ്ങോട്ടും പ്രതീക്ഷിക്കേണ്ടെന്ന ഭീഷണിയും പങ്കുവച്ചിട്ടുണ്ട്. ഒരാളുടേയും കാലില്‍ ജലില്‍ നിന്നിട്ടില്ല. ആരോടും പണവും വാങ്ങിയിട്ടില്ല. ഒരു പ്രമാണിയുടെയും ഊരമ്മേല്‍, ഇന്നോളം കൂരകെട്ടി താമസിച്ചിട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കുന്നു.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് പ്രഖ്യാപിച്ച ഒരാള്‍ക്ക് ആരെയും പേടിക്കേണ്ടതില്ല. മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍ എന്നും ജലീല്‍ പറയുന്നു. പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണെന്നും ജലീല്‍ വ്യക്തമാക്കി. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്‌പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള തനിക്ക് പടച്ച തമ്പുരാനെയും ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നിയത് താനും. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ പിറകിലുള്ളൂവെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്.

വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും മുഖ്യമന്ത്രിയ തളളിപ്പറയില്ലെന്ന കെടി ജലീലിന്റെ പ്രസ്താവനയെയാണ് അന്‍വര്‍ പരിഹസിച്ചത്. ആരെങ്കിലും വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തിക്കാണും. ജീവനില്‍ ഭയമില്ലാത്തവരില്ല, അതുകൊണ്ടാണ് ജലീലില്‍ ഇങ്ങനെ പറയുന്നത്. ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. ഇതിനാണ് അതേ ഭാഷയില്‍ തന്നെ ജലീലും മറുപടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിക്കൊപ്പമുളള ചിത്രം സഹിതമാണ് ജലിലിന്റെ പോസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top