Kerala

ഉണ്ണിത്താന്റെ ശിഷ്യൻ ഒരു ദിവസം എങ്കിലും ജയിലിൽ കിടന്നിട്ടുണ്ടോ ;ജലപീരങ്കിയുടെ ഒരു തുള്ളി വെള്ളം ദേഹത്ത് വീണിട്ടുണ്ടോ എന്നിട്ട് വല്യ വർത്താനം പറയുന്നു

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനത്തെ പിന്തുണച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ. അഖിലിനെ ഒരു സമരത്തിലും കണ്ടിട്ടില്ലെന്നും ജലപീരങ്കിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും അദ്ദേഹത്തിന്റെ ദേഹത്ത് വീണിട്ടില്ലെന്നും ഷജീർ പരിഹസിച്ചു. ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങിനടന്നത് മാത്രമാണ് അഖിലിന്റെ യോഗ്യതയെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് അർഹതപ്പെട്ട സ്ഥാനം തട്ടിയെടുത്തുവെന്ന അഖിലിന്റെ പ്രതികരണത്തെയും ഷജീർ ചോദ്യം ചെയ്തു. താൻ പങ്കെടുത്ത ഒരു സമരത്തിലും അഖിൽ പങ്കെടുത്തിട്ടില്ലെന്നും ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ചാരപ്പണിയാണ് അഖിൽ ചെയ്തതെന്നും ഷജീർ ആരോപിച്ചു. ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നത് ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം വിമർശിച്ചു. ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സംഭവവികാസങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് നേമം ഷജീർ പറഞ്ഞു. വിഷയത്തിൽ കെപിസിസി നേതൃത്വം അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുമെന്നും കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്റെ മാത്രം സ്വത്തല്ലെന്നും ഷജീർ
കൂട്ടിച്ചേർത്തു. അഖിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി കത്ത് നൽകിയെന്ന വാദവും അദ്ദേഹം തള്ളി.

അത്തരമൊരു കത്ത് ഇല്ലെന്നാണ് വിശ്വാസമെന്നും ഷജീർ പറഞ്ഞു. ഉമ്മൻചാണ്ടി അന്ന് നിർദേശിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരായിരുന്നുവെന്നും അദ്ദേഹത്തെ കണ്ടപ്പോൾ സുധീർഷ പാലോട് എംഎൽഎ ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നുവെന്നും ഷജീർ അവകാശപ്പെട്ടു. നേതാക്കളുടെ വീടുകളിൽ മാത്രം കറങ്ങിനടന്നാൽ സ്ഥാനങ്ങൾ ലഭിക്കില്ലെന്നും തെരുവിലിറങ്ങി പ്രവർത്തിക്കണമെന്നും ജെഎസ് അഖിലിനോട് നേമം ഷജീർ പറഞ്ഞു. ഷാഫി പറമ്പിലിനെതിരെ ആദ്യം പരസ്യപ്രതികരണം നടത്തിയത് രാജ്മോഹൻ ഉണ്ണിത്താനാണെന്നും അതേ നാണയത്തിൽ തിരിച്ചടിക്കാൻ യൂത്ത് കോൺഗ്രസിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താന്റെ ഡയറിയിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും ഷജീർ വെല്ലുവിളിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top