ഇടുക്കി: സംസ്ഥാനത്ത് മോശം കാലാവസ്ഥ തുടരുന്നതിനിടെ ഇടുക്കിയിൽ കനത്ത മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്.
പ്രദേശത്ത് നീരൊഴുക്ക് വർധിച്ചതോടെ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നതോടെയാണ് എട്ടുമണിമുതൽ 13 ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചത്.

നിലവിൽ 137 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ പരാമാവധി 5,000 ഘനയടി വെള്ളമാകും തുറന്നുവിടുക. പ്രദേശവാസികൾക്ക് ആശങ്കപ്പെടേണ്ട സാചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.