ഹിമാചൽ പ്രദേശിലെ പ്രമുഖ ആശുപത്രിയായ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് രോഗിക്ക് നേരെ ക്രൂരത അരങ്ങേറിയത്. ചികിത്സയ്ക്കെത്തിയ രോഗിയും ഡോക്ടറും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡോക്ടർ രോഗിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അർജുൻ പൻവാർ എന്ന രോഗിയാണ് ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശ്വാസകോശ പരിശോധനയ്ക്ക് ശേഷം ശ്വസിക്കാൻ പ്രയാസം നേരിട്ട അർജുൻ മറ്റൊരു വാർഡിലെ കിടക്കയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ശ്വാസ തടസ്സം നേരിട്ടപ്പോൾ അതുവഴി വന്ന ഡോക്ടറോട് ഓക്സിജൻ ആവശ്യപ്പെട്ടു. അപ്പോൾ ഏത് വാർഡിലാണ് അഡ്മിറ്റായത് എന്ന് ചോദിച്ച് ഡോക്ടർ രോഗിയോട് തട്ടിക്കയറുകയായിരുന്നു. മര്യാദയോടെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു എന്നാണ് അർജുൻ പരാതിയിൽ പറയുന്നത്.
കട്ടിലിൽ കിടക്കുന്ന രോഗിയെ ഡോക്ടർ ആവർത്തിച്ച് തല്ലുന്നതും രോഗി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവം അറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ജനങ്ങൾ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ആശുപത്രി അധികൃതർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. കുറ്റാരോപിതനായ ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മെഡിക്കൽ സൂപ്രണ്ട് ഡോ രാഹുൽ റാവു അറിയിച്ചു.