അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. അപകടത്തില്‍ മരണം പത്തായി. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.

ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. പാലം നേരത്തെ തന്നെ തകര്‍ന്നിരുന്നുവെന്നും അധികാരികളോട് അറ്റകുറ്റപ്പണി നടത്താന്‍ അഭ്യര്‍ഥിച്ചിട്ടും ആരും കേട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
