ഒരു ചായ കുടിച്ചാൽ പോലും ഗൂഗിൾ പേ വഴി പണം നൽകുന്നവരാണ് നമ്മളിൽ പലരും. ഫോൺ എപ്പോഴും കയ്യിലുണ്ടാകുമെന്നതും പണം എപ്പോഴും കയ്യിൽ കരുതേണ്ട എന്നതും തന്നെയാണ് യുണിഫൈഡ് പേമെന്റ്റ് ഇൻ്റർഫേസ് അഥവാ യുപിഐ പേയ്മെന്റുകൾ ജനകീയമാകാൻ കാരണമായത്.

ഇപ്പോൾ രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റിന്റെ 80% വും നടക്കുന്നത് യുപിഐ വഴിയാണ്. ഇടപാടുകളുടെ എണ്ണം കൂടിയപ്പോൾ യുപിഐ ശൃംഖല തടസ്സപ്പെടുകയും പെയ്മെന്റ് ഫെയിൽഡാവുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി യുപിഐ ഓഗസ്റ്റ് ഒന്നുമുതൽ ചില നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ്.
യുപിഐ അപ്ലിക്കേഷനുകൾ വഴി അടിക്കടി ബാലൻസ് ചെക്ക് ചെയ്യുന്നവർക്കായിരുക്കും പുതിയ നിയന്ത്രങ്ങൾ പണി തരുക. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള തേഡ് പാർട്ടി ആപ്പുകൾ വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് ദിവസം 50 തവണയായി നിജപ്പെടുത്തും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരു യുപിഐ ആപ്പിൽ ദിവസം 25 തവണയിൽ കൂടി പരിശോധിക്കാൻ കഴിയില്ല.

ബിൽ പേമെന്ററ്, എസ്ഐപി പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകൾക്ക് ദിവസം മൂന്നു ടൈം സ്ലോട്ടുകൾ നൽകും. രാവിലെ പത്തിന് മുൻപ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയിൽ, രാത്രി 9.30-നു ശേഷം എന്നിങ്ങനെയാകും സ്ലോട്ട്. ഇടപാട് പെൻഡിങ് എന്നു കാണിച്ചാൽ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്നുതവണയായി നിജപ്പെടുത്തി. ഒരു തവണ പരിശോധിച്ച് 90 സെക്കൻഡ് കഴിഞ്ഞു മാത്രമേ അടുത്ത റിക്വസ്റ്റ് നൽകാനാകൂ.
ഇടപാടുകളുടെ സുരക്ഷയും വേഗവും വിശ്വാസ്യതയും കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവരുന്നത്.