സിപിഐഎം നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം. അനുനയ ചർച്ചകൾ സമ്മതിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. ജി സുധാകരൻ പറഞ്ഞത് പരിഭവമാണ് അദ്ദേഹം പാർട്ടിയുടെ കരുത്താണെന്നും, പാർട്ടിയ്ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ജി സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും എം എ ബേബി പ്രതികരിച്ചു.

പ്രശ്നങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങളാണ് ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ പരിഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിച്ചുവെന്ന് മാത്രമേയുള്ളൂ. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തിൽ അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.