India

ഇവിഎം ഒരു ബ്ലാക് ബോക്സ് ആണെന്ന് രാഹുല്‍ ഗാന്ധി; ആര്‍ക്കും പരിശോധിക്കാന്‍ അനുവാദമില്ലെന്നും പ്രതികരണം

ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്ര എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇവിഎം അൺലോക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്കും രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്നാണു മസ്ക് എക്സിൽ കുറിച്ചത്.

ഇവിഎമ്മിനെതിരെ ആഞ്ഞടിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. “ഇന്ത്യയിലെ ഇവിഎം ഒരു ബ്ലാക് ബോക്സ് ആണ്. അത് ആർക്കും പരിശോധിക്കാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകളുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു.” – രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ പോലീസ് പിടികൂടിയ വാർത്ത പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു.

മസ്കിന്റെ പ്രസ്താ‌വനയ്ക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയാണ് മസ്കിന്റേതെന്നും ഇവിഎം നിർമാണത്തിൽ മസ്കിന് പരിശീലനം നൽകാൻ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top