Kerala

വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി.ആർ. അഭിലാഷിനാണ് മർദ്ദനമേറ്റതായി ആരോപണമുള്ളത്. വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്നലെയാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിലെത്തിയ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഭിലാഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽവെച്ച് മർദ്ദിച്ചെന്നാണ് പരാതി.

സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സംഭവത്തിൽ പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചെന്നാണ് അഭിലാഷിന്റെ സഹോദരൻ ടി.ടി. വിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ മർദ്ദിച്ചെന്നും അടിവസ്ത്രം ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും വിനീഷ് ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച സമയത്തുതന്നെ അഭിലാഷിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് എസ്.ടി. പ്രമോട്ടർ ജിഷ്ണു തങ്കച്ചനും പറഞ്ഞു. അതേസമയം, കസ്റ്റഡി മർദ്ദനമെന്ന പരാതി പൊലീസ് പാടേ നിഷേധിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top