അഞ്ചാലുംമൂട്: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.

കൊല്ലം വാളത്തുംഗല്‍ ചേതന നഗര്‍ ആനന്ദഭവനം തിട്ടയില്‍ തെക്കതില്‍ ബിജു-അജിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), ചേതന നഗര്‍ സര്‍പ്പക്കാവിന് സമീപം ബിജു-സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.
ആറുപേരടങ്ങുന്ന സംഘമാണ് രാവിലെ ബോട്ട് ജെട്ടിയില്‍ കുളിക്കാനെത്തിയത്. ഇവരില്‍ രണ്ടുപേർ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കരയില്‍ നില്‍ക്കുന്നവരുടെ നിലവിളികേട്ട് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാക്കളെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ എട്ടോടെ ക്ഷേത്രദർശനം കഴിഞ്ഞ് കുളിക്കാൻ കായലിൽ ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം കരയിൽ കയറിയിട്ടും ആദിത്യനെയും അഭിജിത്തിനെയും കാണാതെവന്നതോടെയാണ് ഇവർ അപകടത്തിൽപെട്ടതായി മനസിലാക്കിയത്. ആദിത്യന്‍റെ സഹോദരൻ അഭിജിത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.