India

അച്ഛന് ഭാര്യയുമായി ബന്ധം, കൊല്ലുമെന്ന് ഭയം; ഞെട്ടിക്കുന്ന വീഡിയോ; പഞ്ചാബ് മുൻ DGPയുടെ മകന്റെ മരണത്തിൽ ദുരൂഹത

ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയുടെ മകന്‍ അഖില്‍ അക്തറിന്റെ മരണത്തില്‍ ദുരൂഹത. പിതാവിനെതിരെ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അഖിലിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു പിതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അഖിലിന്റെ പതിനാറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നത്. അയല്‍ക്കാരനായ ഷംസുദ്ദീന്‍ ചൗധരിയാണ് അഖിലിന്റെ വീഡിയോ പൊലീസിന് കൈമാറി വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

അഖിലിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ആണ് ഷംസുദ്ദീന്‍ കൈമാറിയത്. തന്റെ ഭാര്യയുമായി അച്ഛന് ബന്ധമുണ്ടെന്ന് വീഡിയോയിലൂടെ അഖില്‍ ആരോപിച്ചിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ അച്ഛന് തന്റെ ഭാര്യയെ പരിചയമുള്ളതായി സംശയിക്കുന്നതായും അഖിൽ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിൽ കൊല്ലപ്പെടാനോ കള്ളക്കേസിൽ കുടുങ്ങാനോ സാധ്യതയുണ്ട്. അതിന് പിന്നിൽ അമ്മയും സഹോദരിയുമാണ്. തന്നെ അന്യായമായി തടങ്കലില്‍ വയ്ക്കുകയും റിഹാബിറ്റേഷന്‍ കേന്ദ്രത്തിലേക്ക് വിടുകയും ചെയ്തു. തന്റെ ബിസിനസിൽ നിന്നുള്ള വരുമാനം തടഞ്ഞുവെച്ചതായും അഖിൽ ആരോപിച്ചിരുന്നു. തന്റേത് മിഥ്യാധാരണയാണെന്ന് കുടുംബാംഗങ്ങള്‍ പലപ്പോഴായി പറയാറുണ്ടായിരുന്നു. താന്‍ ലഹരിക്ക് അടിമയായിരുന്നില്ല. ആരെങ്കിലും തന്നെ സഹായിക്കൂ എന്നും അഖില്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍, ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇതിന് പിന്നാലെ അഖിലിന്റെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. അതില്‍ തന്റെ മാനസികാസ്വാസ്ഥ്യം കാരണമാണ് കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് അഖില്‍ പറഞ്ഞത്. പക്ഷേ ഈ വീഡിയോയില്‍ അഖിലിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top