ന്യൂഡൽഹി: പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞു നിഗംബോധ് ഘട്ട് ശ്മശാനത്തിലേയ്ക്കു വെള്ളമെത്തി.

വെള്ളം ഉയർന്നതോടെ ശ്മശാനം അടച്ചു. ഇവിടെ സംസ്ക്കരിക്കാൻ നിശ്ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്കു മാറ്റുക ആണെന്ന് അധികൃതർ പറഞ്ഞു.
കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിന്റെ പരിസരത്തു വിവിധ മേഖലകളിലെ റോഡിൽ വെള്ളം കയറി വലിയ ഗതാഗതക്കുരുക്കുണ്ടായി. പാലം മോഡിൽ റോഡ് വെള്ളത്തിലായതോടെ ടെർമിനൽ 1ലേക്കുള്ള യാത്രക്കാർ വലഞ്ഞു. പ്രദേശത്തു രാത്രിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.