ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ദീപ ജോസഫ് ഒരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപ ജോസഫിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം.

അഭിഭാഷക ഉപയോഗിച്ച വാക്കുകളില്‍ ഞെട്ടലുണ്ടായി എന്നാണ് സുപ്രീംകോടതി പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകയായാണ് താങ്കള്‍ പെരുമാറുന്നത്. അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകനോട് പറഞ്ഞ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നത് പ്രൊഫഷണല്‍ സമീപനമാണോയെന്നും കോടതി ചോദിച്ചു. പിന്നാലെ ഹർജിയിൽ ഇടപെടാനില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു.