തൃശൂർ: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്. പ്രദേശത്ത് വനംവകുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധവുമായെത്തി.

ആറുമാസം മുമ്പാണ് മിഥുനുള്‍പ്പെടെയുള്ള മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്നത്. ഒരു കിലോ മാംസം വാങ്ങിയെന്ന കേസില്‍ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേസില്‍ ഇവരെ കോടതിയിലടക്കം ഹാജരാക്കിയിരുന്നു. ജാമ്യത്തില്‍ വിട്ടതിന് ശേഷം മിഥുൻ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.

വ്യാഴാഴ്ച ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങാൻ പോയിരുന്നു. വെള്ളിയാഴ്ച കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്‍ മിഥുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു