ഭോപ്പാൽ: നെഞ്ചുവേദനയെത്തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ടയർ പഞ്ചറായി. ചികിത്സ വൈകിയതോടെ 65 കാരന് ദാരുണാന്ത്യം.

മധ്യപ്രേദശിലെ ഗുണയിൽ 65കാരനായ ജഗദീഷ് ഓജയാണ് മരിച്ചത്. പഞ്ചറായ ടയറിന് പകരം മാറ്റിയിടാൻ മറ്റൊരു ടയർ ഇല്ലാതിരുന്നത് പ്രശ്നം രൂക്ഷമാക്കി.
നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജഗദീഷ് ഓജയെ മ്യാന ഹെൽത്ത് സെന്ററിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. ദേശീയപാത 46ലൂടെയുള്ള യാത്രാമധ്യേ സർക്കാർ ആംബുലൻസിന്റെ ടയറുകളിൽ ഒന്ന് പഞ്ചറാവുകയായിരുന്നു.

ആംബുലൻസിൽ സ്റ്റെപ്നി ടയർ ഉണ്ടായിരുന്നില്ല. ഇതോടെ, റോഡരികിൽ ആംബുലൻസ് ഏറെ നേരം കിടന്നു. ഇതിനിടെ ഓജയുടെ നില വഷളാവുകയും ആശുപത്രിയിലെത്തുംമുമ്പ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.