ആലപ്പുഴ: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂര്‍ പള്ളുരുത്തിയില്‍ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരവും മരത്തടിയും ചേര്‍ത്ത് ബന്ധിച്ച കയര്‍ ശരീരത്തില്‍ മുറുകിയാണ് എബ്രഹാം മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. കാട്ടൂര്‍ കണ്ടനാട് മാര്‍ഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയില്‍ കമ്പുകെട്ടി അതില്‍ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. സുരക്ഷ ഉറപ്പിക്കാന്‍ ശരീരവും മരത്തടിയും ചേര്‍ത്ത് കയറുമായി ബന്ധിച്ചിരുന്നു.
കട്ടര്‍ ഉപയോഗിച്ച് കൊമ്പ് മുറിക്കുന്നതിനിടെ ഭാരം മൂലം തടി രണ്ടായി പിളരുകയായിരുന്നു. ഇതോടെ കയര്‍ ശരീരത്തില്‍ മുറുകി എബ്രഹാം മരത്തില്‍ അമരുകയായിരുന്നു. സഹായികള്‍ വടം മുറിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
