കൊച്ചി: തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപിള്ള (40) എന്ന സ്ത്രീയാണ് മരിച്ചത്. 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരയ്ക്കൽനിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തിൽ എത്തുന്ന ട്രെയിൻ ആണിത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനിൽ പിടിച്ചിട്ടു.