ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ പീഡനത്തിനിരയായ പതിനേഴുകാരിയെ കേസിൽ ഒളിവിൽ പോയ പ്രതി വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കൊലപാതകം നടത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന പ്രതി, സഹോദരനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ തലയിലും കഴുത്തിലുമായി വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും നേരെയും പ്രതി ആക്രമണം നടത്തി. പ്രതിയെ കുടുംബം തിരിച്ചറിഞ്ഞുവെന്നും ഇയാളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ബസ്തി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശ്യാമകാന്ത് വ്യക്തമാക്കി.