ഡൽഹി: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവ് ഡൽഹിയിലെ ഗാസിപ്പൂരിൽ നടുറോട്ടിൽ കുത്തേറ്റ് മരിച്ചു. ഡൽഹി ഫരീദാബാദ് സ്വദേശി വികാസ് ആണ് മരിച്ചത്.

വികാസും സുഹൃത്ത് സുമിത്തും ഇരുചക്രവാഹനത്തിൽ ഇരിക്കുന്ന സമയം മറ്റൊരു ഇരുചക്രവാഹനത്തിൽ എത്തിയ ആൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ വന്നിടിച്ചു. തുടർന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവും കത്തിക്കുത്തും കലാശിച്ചത് കൊലപാതകത്തിലായിരുന്നു.
വികാസും സുഹൃത്തും സഞ്ചരിച്ച വാഹനത്തിൽ വന്നിടിച്ച ആൾ അയാളുടെ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും തുടർന്ന് ആറോളം പേർ സ്ഥലത്തെത്തി വികാസിനെയും സുമിത്തിനെയും ആക്രമിക്കുകയുമായിരുന്നു.

ഇരുമ്പ് വടികൾ കൊണ്ട് അടിക്കുകയും വികാസിനെ ആവർത്തിച്ച് കുത്തുകയും ചെയ്തു. വികാസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു. സുമിത്തിനെ ഗുരുതര പരിക്കുകളോടെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പോലീസ് അന്വേഷണം ആരംഭിച്ചു.
വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചത് അതോ മറ്റെന്തെങ്കിലും വൈരാഗ്യമാണോ കൊലപാതകത്തിന് കാരണം എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മരിച്ച വികാസ് നോയിഡയിലെ സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിലെ ജീവനക്കാരനാണ്.