കരിപ്പൂരിൽ വിവാഹ ദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. കുമ്മിണിപ്പറമ്പ് സ്വദേശി ജിബിനെ(30) ആണ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന ഇയാൾ വിവാഹത്തിനായിട്ടാണ് നാട്ടിലെത്തിയത്.

കുളിക്കാനായി ശുചിമുറിയിലേക്ക് കയറിയ ജിബിൻ ഏറെ സമയം കഴിഞ്ഞിട്ടും പുറത്തു വന്നില്ല. സംശയം തോന്നിയ ബന്ധുക്കൾ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം എന്തെന്ന് വ്യക്തമല്ലെന്നും കുറിപ്പോ മറ്റ് സൂചനകളോ ലഭിച്ചിട്ടില്ലെന്നും കരിപ്പൂർ പോലീസ് പറഞ്ഞു. ഇയാളുടെ ഫോണും അവസാനം വിളിച്ച കോളുകളും പരിശോധിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.