ചെന്നൈ: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം. അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത്. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുരാജ്.

വെള്ളൈകാലിയെന്ന മറ്റൊരു ഗുണ്ടയെ അറസ്റ്റ് ചെയ്തപ്പോള്‍ ഇദ്ദേഹത്തെ ലക്ഷ്യമിട്ട് അഴഗുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നു. മധുരയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളൈകാലിയെ 24-ന് പുതുക്കോട്ടയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചെന്നൈയിലെ പുഴല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ട്രിച്ചി-ചെന്നൈ ദേശീയപാതയിലെ പെരമ്പല്ലൂര്‍ തിരുമന്തുറൈ ടോള്‍ ഗേറ്റിന് സമീപം ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി. പെട്ടെന്ന് രണ്ടുകാറുകളിലായി എത്തിയ ഒരുസംഘം പൊലീസ് വാഹനത്തിനുനേരെ നാടന്‍ ബോംബ് എറിഞ്ഞു. സ്ഫോടനത്തില്‍ മരുതുപാണ്ടിയെന്ന പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. അപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വെള്ളൈകാലിയെ കൊലപ്പെടുത്തുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വിലയിരുത്തൽ.