ഹൈദരാബാദ്: ഹൈദരാബാദിൽ ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി. ഹൈദരാബാദിലെ സിദ്ധാർത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജാദവ് സായ് തേജ(22)യാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് വിദ്യാർത്ഥി ചിത്രീകരിച്ച വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഇതിൽ സീനിയർ വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും തൻറെ ജീവൻ അപകടത്തിലാണെന്നും സായ് തേജ കരഞ്ഞ് പറയുന്നുണ്ട്.

സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഏകദേശം 10,000 രൂപ ബില്ല് അടയ്ക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. സമ്മർദ്ദം താങ്ങാനാവാതെ സായ് തേജ തൂങ്ങിമരിച്ചതായി അഭിഭാഷകൻ കിഷോർ ആരോപിച്ചു.