അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് പിഞ്ചു മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോ സ്വദേശിയായ പ്രിയദർശിനി നടരാജനാണ് പിടിയിലായത്. അഞ്ചും ഏഴും വയസ്സുള്ള സ്വന്തം ആൺമക്കളെയാണ് ഇവർ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് ബോധരഹിതരായി കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് അദ്ദേഹം തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ വീട്ടിലെ മുറിയിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രിയദർശിനി കുട്ടികളോട് എന്തോ ചെയ്തതായാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രിയദർശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റവും അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.