ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിർത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.
മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലിൽ ബാബു പറഞ്ഞു. ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കി.
