ലക്‌നൗ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം എന്ന 28കാരനാണ് ആത്മഹത്യ ചെയ്തത്.

പെയിന്റിങ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെടുന്നയിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഭാര്യ ഇത് ഉണ്ടാക്കിനൽകിയില്ല. മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവെച്ച് തർക്കമുണ്ടായി. ശേഷമാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.