മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർഥിനി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. 21-കാരനായ ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തനിക്ക് പെൺസുഹൃത്തിലുണ്ടായ സംശയമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ മൊഴി നൽകി.

മദ്യലഹരിയിലാണ് താൻ കൊലപാതകം നടത്തിയതെന്നും, അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ ഏവിയേഷൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ചിത്രപ്രിയ, ക്ഷേത്രത്തിലെ ചടങ്ങുകൾക്കായാണ് നാട്ടിലെത്തിയത്.
വീട്ടിൽനിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ ഇറങ്ങിയതെന്ന് കുടുംബം പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവിലെ കോളജിൽ മറ്റൊരാളുമായി ചിത്രപ്രിയക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് അലൻ പോലീസിന് മൊഴി നൽകിയതായാണ് സൂചന. ഫോൺ എടുക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അലൻ ചോദ്യംചെയ്യലിൽ സമ്മതിച്ചു. കല്ലുകൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകി.