Politics

സിപിഎം-റിയല്‍ എസ്റ്റേറ്റ് ബന്ധം മറനീക്കും; പിഎസ്‌സി കോഴ വിവാദം ഒതുക്കി തീര്‍ക്കാന്‍ ശ്രമം

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ഒതുക്കാന്‍ സിപിഎമ്മിനുള്ളില്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട വിവാദം ദോഷം ചെയ്യുമെന്ന് ബോധ്യമായതോടെയാണ് നേതാക്കള്‍ നീക്കം ശക്തമാക്കിയത്. പൂഴ്ത്തിവച്ച പല ഇടപാടുകളും ഇതോടനുബന്ധിച്ച് പുറത്തുവരും എന്ന സൂചനകള്‍ ലഭിച്ചതോടെയാണ് പുതിയ നീക്കം. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് മാഫിയയും പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. പരാതിക്കാരന് പണം കൊടുത്ത് പരാതി പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്.

എന്നാല്‍ കോഴ വിവാദം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ശക്തമായ നടപടിയുണ്ടാകും എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച പരാതിയും നേതൃത്വത്തിന് മുന്നിലുണ്ട്. റിയല്‍ എസ്റ്റേറ്റ് ടീമും കോഴിക്കോട് ജില്ലാ കമ്മറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് മന്ത്രി പരാതി നല്‍കിയത്.

പിഎസ്‌സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിക്കും ഈ കോക്കസുമായി ബന്ധമുണ്ടെന്ന സൂചനയുണ്ട്. ആരോപണത്തില്‍ അന്വേഷണം വന്നാല്‍ പാര്‍ട്ടി-റിയല്‍ എസ്റ്റേറ്റ് ബന്ധം മറനീക്കും എന്നുള്ളതിനാലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയും രംഗത്തുള്ളത്.

പിഎസ്‌സി അംഗത്വ നിയമനത്തിന് സിപിഎമ്മിന്റെ യുവനേതാവ് പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. 22 ലക്ഷം രൂപ ഒരു ഡോക്ടറില്‍ നിന്നും കൈപ്പറ്റി എന്ന ആരോപണമാണ് പുകയുന്നത്. 60 ലക്ഷത്തിന്റെ ഡീല്‍ ആണ് പുറത്തെത്തിയത്. അംഗത്വ നിയമനത്തിന് പരിഗണിക്കാതെ വന്നതോടെയാണ് പാര്‍ട്ടിയുമായി ബന്ധമുള്ള ഡോക്ടര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top