Politics

സിപിഎമ്മിനകത്തെ കോഴ ആരോപണം; മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: സിപിഎമ്മിനകത്തെ കോഴ ആരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്. മന്ത്രി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. എന്തുകൊണ്ടാണ് മന്ത്രിയുടെ പേര് ചേർത്ത് തുടർച്ചയായി ഇത്തരം കോഴ ആരോപണങ്ങൾ വരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. 60 ലക്ഷം രൂപ കൊടുത്ത് പിഎസ്‌സി മെമ്പറാവുന്ന ആൾ എങ്ങനെയാണ് അത് മുതലാക്കുകയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ ഏരിയ സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി.

മന്ത്രി മുഹമ്മദ് റിയാസ് വഴി പാര്‍ട്ടിയിൽ ഇടപെട്ട് പിഎസ് സി അംഗത്വം വാങ്ങി നൽകാമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. 22 ലക്ഷം കൈപ്പറ്റി. പിഎസ്‍സി ലിസ്റ്റിൽ പക്ഷെ ഡോക്ടര്‍ ഉൾപ്പെട്ടില്ല. ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഡീൽ ഉറപ്പിക്കുന്ന ശബ്ദ രേഖയടക്കം പാര്‍ട്ടിക്ക് പരാതി നൽകിയത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് ഒരുമാസം മുൻപ് സിപിഎമ്മിന് പരാതി നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top