കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തിൽ മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ സിപിഐ നേതൃത്വം.

ചിഞ്ചു റാണിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി. നിലപാട് തിരുത്തണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തെറ്റായിപ്പോയെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
അതേസമയം, സംഭവത്തിൽ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. താൻ പറഞ്ഞ പ്രസ്താവന ഒഴിവാക്കാമായിരുന്നവെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിനിലാണ് താൻ പങ്കെടുത്തത്. അതിനുശേഷം ആണ് അപകടത്തെപ്പറ്റി അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പമാണ് താൻ. അവർക്ക് വേണ്ട സഹായം സർക്കാർ ചെയ്യും. സ്കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കും.
