തൃശ്ശൂര്‍: നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന സി സി മുകുന്ദൻ്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സിപിഐ. തൃശൂരിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ മുകുന്ദനോട് സംസാരിക്കും. കെ കെ വത്സരാജ്, കെ രാജൻ, കെ പി രാജേന്ദ്രൻ, വി എസ് സുനിൽകുമാർ എന്നിവരെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി.

നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന് ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്കാന് കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന് ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന് വെല്ലുവിളിച്ചു.