പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ അടൂർ നഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു. സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം.

അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ. അടൂരിൽ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരിഗണിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ. മുൻ എം പി രമ്യാ ഹരിദാസിനെ കോൺഗ്രസ് അടൂരിൽ മത്സരിപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് മണ്ഡലത്തിൽ സ്വാധീനമുള്ള കോൺഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ രാജിവെച്ചിരിക്കുന്നത്.