Kerala

കെപിസിസി അംഗമടക്കം നാലുപേരെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി പെരിയ കൊലക്കേസ് പ്രതിയുടെ സൽക്കാരം സ്വീകരിച്ചതിന്

കാഞ്ഞങ്ങാട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ അടക്കമുള്ള നാല് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് നടപടി എടുത്തത്. കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർ‍ട്ട് പരിഗണിച്ചാണ് നടപടി. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി വിലയിരുത്തല്‍. ഇതോടെ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പി.എം.നിയാസ്, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവരാണ് അന്വേഷിച്ചത്.

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് ബാലകൃഷ്ണന്‍ പെരിയ പ്രതികരിച്ചത്. ജില്ലയിലെ കോണ്‍ഗ്രസിനെ ഉണ്ണിത്താന്‍ തകര്‍ത്തെന്നും പെരിയ ആരോപിച്ചു.

കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തമ്മിലുള്ള പോര് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പെരിയ കൊലപാതകക്കേസ് പ്രതി മണികണ്ഠനുമായി രാജ്മോഹന്‍ ഉണ്ണിത്താൻ സൗഹൃദം പങ്കിട്ടെന്നായിരുന്നു പെരിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. തന്നെ പരാജയപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചെന്നും രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചിരുന്നു. പെരിയക്കെതിരെ രാജ്മോഹൻ ഉണ്ണിത്താനും രം​ഗത്തെത്തി.

ഭീരുവിനെപ്പോലെ എന്തിനാണ് പെരിയ ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചത് എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. എന്നാല്‍ വാർത്താ സമ്മേളനം നടത്തിയാൽ മറുപടി രേഖാമൂലം നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top