ഡൽഹി: കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് നേതാക്കളെ അറിയിച്ച് ഹൈക്കമാൻഡ്. അതുകൊണ്ടു തന്നെ ഇതിനായുള്ള പിടിവലി വേണ്ടെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും.

സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ നേതാക്കൾ സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് ശ്രദ്ധ വെക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. താഴെത്തട്ടിലേക്ക് കൂടുതൽ ഇറങ്ങി പ്രവർത്തിക്കണം.

മാത്രമല്ല സംസ്ഥാനത്ത് കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം നടപ്പിലാകുന്നില്ല എന്നും, സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല എന്നും എഐസിസി വിമർശിച്ചു