Kerala

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ തുടരും; മൂന്നു മാസത്തെ വാടക 2.4 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് വാടകക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരകോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്ന് മാസത്തെ വാടകയായി രണ്ടുകോടി നാൽപത് ലക്ഷം രൂപയാണ് അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഏർപ്പെടുത്തിയിട്ടുള്ള ട്രഷറി നിയന്ത്രണം മറികടന്നാണ് ഈ തുക നൽകുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.

ഹെലികോപ്റ്ററിൻ്റെ മൂന്ന് മാസത്തെ വാടക നൽകാൻ ആവശ്യപ്പെട്ട് ഡിജിപി മെയ് ആറിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15ന് ധനമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പോലീസിന് നീക്കിവച്ചിരുന്ന തുകയിൽ നിന്ന് അധികമായി ഫണ്ട് അനുവദിച്ചത്.

ഡല്‍ഹി ആസ്ഥാനമായ ചിപ്‌സാൻ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് വാടക. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മാവോയിസ്റ്റുകൾക്കെതിരെയുള്ള പ്രവർത്തനത്തിന് അടുത്തയിടെ കോപ്റ്റർ ഉപയോഗിച്ചിരുന്നു. കൂടാതെ കൊച്ചി കളമശേരിയിൽ ഉണ്ടായ സ്ഫോടനസ്ഥലത്തേക്ക് വേഗത്തിൽ എത്താൻ ഡിജിപിയും ഈ സൗകര്യം ഉപയോഗിച്ചിരുന്നു. ഇതടക്കം പോലീസിൻ്റെ ആവശ്യങ്ങൾക്കായി ഈയിടെയാണ് ഇത്രയെങ്കിലും കാര്യക്ഷമമായി ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top