ഫുട്‌ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി.

തുടക്കം മുതല്‍ ഒടുക്കം വരെ ആവേശമുറ്റിനിന്ന മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. 28-ാം മിനിറ്റില്‍ ബ്രസീല്‍ താരം റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്.
ഇംഗ്ലീഷ് താരം ബെല്ലിങ്ഹാം നീട്ടിയ പാസുമായി വലതുപാര്‍ശ്വത്തിലൂടെ അതിവേഗം ഓടിക്കയറിയ റോഡ്രീഗോ സിറ്റി ഇറ്റാലിയന്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സിറ്റി തിരിച്ചു വന്നു. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലിയാണ് സിറ്റിയെ ഒപ്പമെത്തിച്ചത്.

ഡോക്കുവിന്റെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച കോര്‍ണര്‍കിക്കിന് ഗ്വാര്‍ഡിയോള്‍ തലവെച്ചെങ്കിലും റയലിന്റെ ബെല്‍ജിയം കീപ്പര്‍ തിബോട്ട് ക്വാര്‍ട്ടോയിസ് തട്ടിയിട്ടത് നിക്കോ ഒറല്ലിയുടെ മുന്നിലേക്കായിരുന്നു. നിഷ്പ്രയാസം പന്ത് വലയിലെത്തിക്കേണ്ട പണി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു.