കോഴിക്കോട്: എംപിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്. ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയെന്നും താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു. ഖജനാവിന് അധിക ചെലവ് വരുത്തുന്നുവെന്നും ചാക്കോ കാളാംപറമ്പില്‍ ആരോപിച്ചു. ജനങ്ങളെ പരിഹസിക്കലാണിതെന്നും പുതിയ ആളുകള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നും ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു.

ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ പ്രതിപക്ഷ നിലപാടില്‍ ആശങ്കയുണ്ടെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. എന്തുകൊണ്ട് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശകള്‍ നടപ്പാക്കിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ദുരൂഹത സൃഷ്ടിക്കുന്നുവെന്നും ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു. ‘ആര്‍ക്കുവേണ്ടിയാണ് നടപ്പാക്കിയത്? ആര്‍ക്കാണ് പ്രയോജനം? തെരഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാര്‍ പ്രതികരണം സമുദായത്തെ വഞ്ചിക്കലാണ്. ഇരു മുന്നണികളും സമുദായത്തോട് ചിറ്റമ്മ നയം കാണിക്കുന്നു’, ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു.