പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ വൻ പരാജയം. പിന്നാലെ വിവിധ ഗ്രാമങ്ങളിൽ വെളിച്ചമെത്തിക്കാനായി സ്ഥാപിച്ച തെരുവുവിളക്കുകൾ കൂട്ടമായി ഊരിമാറ്റിയതായി പരാതി.

രാജസ്ഥാനിലെ ടോംഗ് ജില്ലയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം. ഇവിടെ നിവായ് എംഎൽഎ റാം സഹായ് വർമയുടെ പിഎയുടെ ഭാര്യയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രിയങ്ക ശർമ ഇവിടെ വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു. പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിൽ വരുന്ന നാലാം വാർഡിൽ 50 ഓളം എൽഇഡി തെരുവുവിളക്കുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്.

കുംഹാരോൻ കി ധാനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി ആയിരുന്നു ഇത്. നിവായ് എം.എൽ.എ റാം സഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവ സ്ഥാപിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.