മണ്ണാർക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തോറ്റ സി.പി.എം. സ്ഥാനാർഥി ബി.ജെ.പി.യുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതിലും നൃത്തം ചെയ്തതിലും വിശദീകരണവുമായി അഞ്ജു സന്ദീപ്. മണ്ണാർക്കാട് നഗരസഭയിലെ നമ്പിയംപടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട അഞ്ജു സന്ദീപ്, വിജയിച്ച സ്ഥാനാർഥിയുമായുള്ള അടുത്ത സൗഹൃദത്തിൻ്റെ പേരിലാണ് പങ്കെടുത്തതെന്നും താൻ അടിയുറച്ച സഖാവാണെന്നും വ്യക്തമാക്കി.

കാരാകുറുശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽനിന്ന് വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി സ്നേഹ രാമകൃഷ്ണൻ തൻ്റെ കൂടപ്പിറപ്പിനെപ്പോലെയാണ്. അവരുടെ വിജയത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരാനാണ് പോയത്. “ഞാൻ അടിയുറച്ച സഖാവാണ്. എൻ്റെ പാർട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാൻ അവിടെ പോയത്.” കഴിഞ്ഞ ഒരു വർഷമായി കൈകൊട്ടികളിയും തിരുവാതിരക്കളിയും പരിശീലിക്കുന്നവരാണ് താനും സ്നേഹയുമെല്ലാം. ആ അടുപ്പത്തിൻ്റെ പുറത്താണ് നൃത്തം ചെയ്യാൻ മുതിർന്നത്. ചിലർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് തന്നെ ബി.ജെ.പിക്കാരിയാക്കാൻ ശ്രമിക്കുന്നു. താൻ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും എന്നും അഞ്ജു സന്ദീപ് പറഞ്ഞു