തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പദ്ധതിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് നീക്കം.

ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ ധാരണ പൊളിച്ചെഴുതാനാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ഇതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്ന വികസനസന്ദേശം നല്‍കും.
പരിപാടിയില്‍ രാഷ്ട്രീയമില്ല. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ നുണ പൊളിച്ച് വിശ്വാസം ആര്‍ജിക്കാനാണ് നീക്കം.