കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ പരീക്ഷണ പദ്ധതി വിജയം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരിച്ചെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികളാണ്.

ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയാണ് ശേഖരിച്ചത്. ജലാശയങ്ങളിൽ അടക്കം പാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോ പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം ഔട്ട്ലെറ്റുകളിലാണ് പദ്ധതിയ്ക്ക് ബെവ്കോ തുടക്കമിട്ടത്.