കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.

സമര മുഖങ്ങളില്‍ സജീവമായിട്ടുള്ള മനുഷ്യരോട് അടുത്തു നിന്നിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്ന തമ്പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം.

വെറും 40 രൂപ ആയിരുന്നു പത്രിക നല്കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍.
ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്നയുടെ മാതാപിതാക്കളും.