തിരുവനന്തപുരം: കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനം. തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് വിമർശനം. തോൽവിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുൻ കോർപ്പറേഷൻ ഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നത്.