കൊല്ലം : കൊല്ലം സിറ്റിയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്.

കൊല്ലം ഈസ്റ്റ് പൊലീസ് ബംഗളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹായിയായ തട്ടാമല സ്വദേശി അജ്മല്‍ ഷായെ നേരത്തെ പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു പ്രതികള്‍ എംഡിഎംഎ കടത്തിയത്.
ഈ വർഷം കൊല്ലം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയായിരുന്നു. 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് അന്ന് പിടികൂടിയത്. അജ്‌മല്‍ ഷായെ ചോദ്യം ചെയ്തതില്‍ നിന്നാണ് സക്കീർ ഹുസൈനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് പ്രതി ബംഗളൂരുവിലാണെന്ന് മനസിലാക്കാൻ സാധിച്ചത്. അജ്മല്‍ ഷാ പിടിയിലായതറിഞ്ഞ് സക്കീർ ഹുസൈൻ ഒളിവില്‍ പോകുകയായിരുന്നു. അജ്മല്‍ ഷായുമായി ബംഗളൂരുവില്‍ എത്തി തന്ത്രപരമായ നീക്കത്തിലൂടെയാണ് സക്കീർ ഹുസൈനെ പിടികൂടിയത്.
