മംഗളൂരു: ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ് സിസേറിയനിലൂടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ വിൽക്കാൻ വിജയലക്ഷ്മിയും ഡോ. സോമേഷും ഗൂഢാലോചന നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഷിർവയിലെ കല്ലുഗുഡ്ഡെയിൽ നിന്നുള്ള രമേശ് മൗല്യ – പ്രഭാവതി ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബന്ധുവായ പ്രിയങ്കയാണ് ഇവരെ വിജയലക്ഷ്മിക്ക് പരിചയപ്പെടുത്തിയത്.