ഭോപാൽ: വിദ്യാർഥിനികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും സ്പർശിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ രമേന്ദ്ര സിംഗ് കുശ്വാഹയെയാണ് അറസ്റ്റ് ചെയ്തത്.

ദേഹത് പോലീസ് സ്റ്റേഷനിൽ മൂന്നു വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമം, പട്ടികജാതി – പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് രമേന്ദ്ര സിംഗ് കുശ്വാഹയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. കുശ്വാഹയെ സസ്പെൻഡ് ചെയ്തെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ക്ലാസിനിടെയാണ് വിദ്യാർഥിനികളോട് അധ്യാപകൻ മോശമായി പെരുമാറിയത്. മാതാപിതാക്കളെ അറിയിക്കുമെന്ന് വിദ്യാർഥിനികൾ പറഞ്ഞപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

തുടർന്ന് വിദ്യാർഥിനികൾക്ക് സ്കൂളിൽ പോകാൻ ഭയമായി. തുടർച്ചയായി ക്ലാസിൽ പോകാത്തതിൽ സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടികൾ വിവരം പറഞ്ഞത്. ആദ്യം പ്രിൻസിപ്പലിനെ സമീപിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിദ്യാർഥിനികളുടെ വൈദ്യപരിശോധന നടത്തി. സ്കൂൾ ജീവനക്കാരിൽനിന്നും മാനേജ്മെന്റിൽനിന്നും വിവരങ്ങൾ ശേഖരിച്ചെന്ന് പോലീസ് അറിയിച്ചു.