ജയ്പൂര്‍: ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് 19 കാരന് അറസ്റ്റില്‍.

രാജസ്ഥാനിലെ ഭില്‍വാര ജില്ലക്കാരനായ ആകാശ് ചൗധരി എന്ന യുവാവാണ് പിടിയിലായത്. നീറ്റ് പുനഃപരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി വ്യാജ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) ഉപയോഗിച്ച് ആക്സസ് ചെയ്ത ടെലിഗ്രാം വഴിയാണ് ആകാശ് ചൗധരി വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ചത്.

വ്യാജ പേപ്പറുകള്‍ വില്‍ക്കുന്നതിനായി ‘പേപ്പര്‍ മാഫിയ’ എന്ന പേരില്‍ ഒരു ടെലിഗ്രാം ചാനല്‍ സൃഷ്ടിച്ചിരുന്നുവെന്നും പ്രതാപ്നഗര്‍ പൊലീസ് വ്യക്തമാക്കി.
ഇയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും ഒരു നീറ്റ് പഠന പുസ്തകവും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ നെറ്റ്വര്‍ക്ക്, ബാങ്ക് ഇടപാടുകള്‍, വഞ്ചിക്കപ്പെട്ടിരിക്കാന് സാധ്യതയുള്ള വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.