ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായ ഉടനെ തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ വെല്ലുവിളിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തി പത്ത് സീറ്റിൽ കൂടുതൽ ബിജെപി നേടി കാണിക്കൂ എങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കാം എന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ വെല്ലുവിളി.

ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായെന്ന കോടതി വിധിക്ക് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കെജ്രിവാളിൻ്റെ പ്രതികരണം. മദ്യനയക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദേഹം ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഡൽഹി ദുരിതത്തിലാണെന്നും കെജ്രിവാൾ കൂട്ടിചേർത്തു.